Tuesday, 24 April 2012

സിനിമയ്‌ക്കുള്ളിലെ സിനിമയുമായി ജോസേട്ടന്റെ ഹീറോ ....


റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്‌ത ഉദയനാണ്‌ താരം എന്ന ചിത്രം ഓര്‍മ്മയില്ലേ? തന്റെ ജീവിതസ്വപ്‌നമായ സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ ഉദയഭാനു എന്ന സംവിധായകന്‍ അനുഭവിച്ച ദുരിതങ്ങള്‍ ആര്‍ക്കാണ്‌ മറക്കാന്‍ സാധിക്കുക അല്ലേ? താരാധിപത്യത്തോട്‌ പൊരുതിയ ഉദയന്‍ അന്തിമവിജയം നേടുന്നതോടെ സിനിമ സംവിധായകന്റെ കലയാണെന്ന സന്ദേശവുമായി അവസാനിക്കുന്നു.

അതേപോലെ പ്രതിസന്ധികളില്‍ ഉഴലുന്ന ഒരു നിര്‍മ്മാതാവ്‌ പിടിവള്ളിക്കായി ഒരു സിനിമ എടുക്കുന്നതും താരാധിപത്യം അതിന്‌ തടയിടാന്‍ ശ്രമിക്കുന്നതുമാണ്‌ കെ കെ ഹരിദാസ്‌ സംവിധാനം ചെയ്‌ത ജോസേട്ടന്റെ ഹീറോ എന്ന സിനിമയുടെ കഥ. പ്രതാപം മങ്ങിയ പഴയ സിനിമാ നിര്‍മ്മാതാവ്‌ സിനിമയെടുക്കാന്‍ ബുദ്ധിമുട്ടുന്നതും പണ്ട്‌ അയാള്‍ അവസരങ്ങള്‍ നല്‍കി വന്‍ താരമാക്കിയ നടന്‍ അയാളുടെ പുതിയ പടത്തിന്‌ ഇടങ്കോലിടുന്നതുമാണ്‌ ജോസേട്ടന്റെ ഹിറോ എന്ന മലയാള സിനിമ പറയുന്നത്‌.

ജോസേട്ടന്‍(വിജയരാഘവന്‍) അറിയപ്പെടുന്ന ചലച്ചിത്രനിര്‍മ്മാതാവാണ്‌. മുന്‍കാലങ്ങളില്‍ ഒട്ടനവധി ഹിറ്റ്‌ ചിത്രങ്ങള്‍ എടുത്തിട്ടുള്ള ജോസേട്ടന്‍ അടുത്തിടെ നിര്‍മ്മിച്ച സിനിമകള്‍ ബോക്‌സോഫീസില്‍ പരാജയപ്പെടുകയും അതുമൂലം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്യുന്നു. അയാളുടെകൂടി സഹായത്താല്‍ വന്‍ താരങ്ങളായവരാണ്‌ നടന്‍ രവി പ്രകാശും(അശോകന്‍) നടി ഹരിതയും(കൃതി കപൂര്‍). ജോസേട്ടനെ സഹായിക്കാന്‍ നടി ഹരിത ഡേറ്റ്‌ നല്‍കി. നായകനായി രവി പ്രകാശ്‌ ആദ്യം സമ്മതം മൂളിയെങ്കിലും അയാളുടെ ഇഷ്‌ട പ്രകാരമുള്ള കഥയും അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും ലൊക്കേഷനും വേണമെന്ന ആവശ്യം നിര്‍മ്മാതാവ്‌ ജോസേട്ടന്‍ നിരാകരിച്ചു. ഇതോടെ രവി പ്രകാശ്‌ പിന്‍മാറുന്നു. ചിത്രീകരണം ആരംഭിക്കാനിരിക്കെ രവി പ്രകാശിന്‌ പകരം സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ സാജനെ(അനൂപ്‌ മേനോന്‍) നായകനായി കൊണ്ടുവരാന്‍ നടി ഹരിത ഉപദേശിച്ചു. സാജനെ നായകനാക്കി ചിത്രീകരണം ആരംഭിക്കുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായ ജോസേട്ടന്റെ സിനിമ തിയേറ്ററുകളില്‍ എത്താതിരിക്കാന്‍ രവി പ്രകാശ്‌ ചില കളികള്‍ കളിക്കുന്നു. സാജന്‍ അതിനെ സമര്‍ത്ഥമായി പ്രതിരോധിക്കുന്നതോടെ കഥാഗതി മാറുന്നു.

സിനിമയുടെ അവതരണരീതിയിലും കഥാഗതിയിലുമുള്ള പാളിച്ചകളും മെല്ലപ്പോക്കും പ്രേക്ഷകരെ ബോറടിപ്പിക്കുന്നതാണ്‌. അന്‍സാര്‍ കലാഭവനും സത്യനും ചേര്‍ന്ന്‌ എഴുതിയ തിരക്കഥയില്‍ സിനിമയുടെ വിധി കുറിച്ചിട്ടുണ്ട്‌. ഇത്ര മോശം തിരക്കഥ അടുത്തകാലത്തൊന്നും മലയാള സിനിമയില്‍ വന്നിട്ടില്ല. അതുകൊണ്ടുതന്നെ മികച്ച സംവിധായകനായ ഹരിദാസിന്‌ ഏറെയൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. പതിവുപോലെ അനൂപ്‌ മേനോന്‍, വിജയരാഘവന്‍, അശോകന്‍ എന്നിവര്‍ ഭേദപ്പെട്ട അഭിനയം കാഴ്‌ചവെച്ചു. എന്നാല്‍ ഇവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്‌ കൂടുതലൊന്നും ചെയ്യാനില്ല. അതുപോലെ മിസ്‌ ഇന്ത്യ മല്‍സരാര്‍ത്ഥി കൂടിയായ നായിക കൃതി കപൂറിന്റെ അഭിനയം ശരാശരിയിലും താഴെയാണ്‌. സിനിമയുടെ ടോട്ടാലിറ്റി പരിശോധിക്കുമ്പോള്‍ പ്രേക്ഷകനെ നിരാശപ്പെടുത്തുന്ന ഒന്നാണ്‌ ജോസേട്ടന്റെ ഹീറോ.


0 comments:

Post a Comment