Thursday, 19 April 2012

മാധവന്‍ നായരായി അക്ഷയ് കുമാര്‍

Akshay Kumar and Mohanlal
പ്രിയദര്‍ശന്റെ ഒരു മലയാളചിത്രം കൂടി ബോളിവുഡിലേക്ക്. കഴിഞ്ഞ ക്രിസ്മസിന് തിയറ്ററുകളിലെത്തിയ അറബിയും ഒട്ടകവും പി മാധവന്‍ നായരുമാണ് ഹിന്ദി സംസാരിയ്ക്കാനൊരുങ്ങുന്നത്.

പ്രിയന്റെ പ്രിയതാരമായ അക്ഷയ് കുമാര്‍ തന്നെയാണ് മാധവന്‍ നായരുടെ ഹിന്ദി റീമേക്കിന് ചരട് വലിയ്ക്കുന്നത്. പ്രഭുദേവ ഒരുക്കുന്ന റൗഡി റാത്തോറിന് ശേഷം അറബിയും ഒട്ടകത്തിന്റെയും റീമേക്ക് ജോലികള്‍ ആരംഭിയ്ക്കാനാണ് അക്ഷയ് യുടെ തീരുമാനം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തെന്നിന്ത്യന്‍ റീമേക്കുകളായ ബോഡിഗാര്‍ഡ്, സിങ്കം, വാണ്ടഡ് തുടങ്ങിയവ വമ്പന്‍ വിജയം നേടിയിരുന്നു. ഈ ട്രെന്റിന്റെ ചുവടുപിടിച്ചാണ് അക്ഷയും റീമേക്കില്‍ ഭാഗ്യം പരീക്ഷിയ്ക്കുന്നത്.

മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ റീമേക്കില്‍ അക്ഷയ് നായകാവുമെന്ന് പ്രിയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവും അക്ഷയ് കുമാര്‍ തന്നെയാവും.

അതേസമയം പ്രിയന്റെ ആദ്യ ബോളിവുഡ് ആക്ഷന്‍ ചിത്രമായ തേസ് റിലീസിനൊരുങ്ങുകയാണ്, അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, സയീദ് ഖാന്‍, കങ്കണ റാവത്ത് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഹൈ ഫൈ ആക്ഷന്‍ സിനിമകളുടെ ഗണത്തില്‍പ്പെടുത്താവുന്ന തേസിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹാരിപോട്ടര്‍, ബോണ്‍ ഐഡിന്റിന്റി സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ഗരെ മില്‍നെ, പീറ്റര്‍ പെഡ്രോ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തും.


0 comments:

Post a Comment