Friday, 20 April 2012

ഷേണായി മന്ദിരത്തിലെ യക്ഷിക്കഥയില്‍ ജയറാം

Manthrikan
കുടകിലെ ഷേണായി മന്ദിരത്തിലെ യക്ഷിയെ തുരത്താനെത്തുന്ന മുകുന്ദനുണ്ണിയുടെ കഥ കോമഡി, ഹൊറര്‍ ട്രെന്റില്‍ പറയുകയാണ് അനിലിന്റെ പുതിയ ചിത്രമായ മാന്ത്രികന്‍. ബ്യൂട്ടിഫുള്‍ എന്ന വിജയചിത്രത്തിനുശേഷം യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍.

മലയാളത്തില്‍ ചുവടുറപ്പിക്കുന്ന പൂനം ബജ്‌വ നായികയായെത്തുന്നു. ഗുണ്ടല്‍പേട്ടയും മെര്‍ക്കാറയുമാണ് മാന്ത്രികന്റെ പ്രധാന ലൊക്കേഷനുകള്‍. അനില്‍, രാജന്‍ കിരിയത്ത് ടീം ചേര്‍ന്നൊരുക്കുന്ന ഈ ജയറാം ചിത്രത്തില്‍, ഷേണായ് മന്ദിരത്തിലെ യക്ഷിയുടെ ശല്യം ഒഴിവാക്കാനെത്തുന്ന മുകുന്ദനുണ്ണി, അവിടെ വെച്ച് വര്‍ഷങ്ങളായ് അവന്‍ തേടി നടന്നിരുന്ന പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നു.

മുകുന്ദനുണ്ണിയെ പ്രണയിച്ചുതുടങ്ങുന്ന അവള്‍ക്ക് മാററങ്ങള്‍ സംഭവിക്കുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ ഹൊറര്‍ സിനിമയുടെ തിരക്കഥ രാജന്‍ കിരിയത്തിന്റേതാണ്. നാലു പുതുമുഖ നടിമാര്‍ ഈ സിനിമയിലൂടെ അവതരിപ്പിക്കപ്പെടുകയാണ്. നടാഷ, ലിന്റ തോമസ്, സ്വപ്ന മേനോന്‍, സുകന്യ എന്നിവര്‍.

മുകുന്ദനുണ്ണിയെ ജയറാമും അയാളെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി മാളുവിനെ പൂനം ബജ്‌വയും അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ദേവന്‍, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, അനില്‍ മുരളി, സാദിഖ്, കവിയൂര്‍ പൊന്നമ്മ, പ്രിയ, ലെന, മഹിമ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് എസ്. ബാലകൃഷ്ണന്‍ ഈണം നല്‍കുന്നു.

ചൈനടൗണ്‍, വെനീസിലെ വ്യാപാരി, ശിക്കാരി എന്നിവയ്ക്കുശേഷം മാന്ത്രികനിലൂടെ പൂനം ബജ്‌വ മലയാളത്തില്‍ നായിക പദവി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഛായാഗ്രഹണം വൈദി എസ് പിള്ള, എഡിറ്റിംഗ് പി.സി. മോഹന്‍, കല രഞ്ജിത് കോത്താരി, വസ്ത്രാലങ്കാരം റാണാ പ്രതാപ്, ചമയം പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് വൈക്കം, പി.ആര്‍.ഓ വാഴൂര്‍ ജോസ്. ഗുണ്ടല്‍ പേട്ടയില്‍ ചിത്രീകരണം ആരംഭിച്ച മാന്ത്രികന്‍ വിഷുവിന് തിയറ്ററുകളിലെത്തും.

0 comments:

Post a Comment