
രതീഷ് വേഗ-അനൂപ് മേനോന്‍ കൂട്ടുകെട്ട് മോളിവുഡിന്റെ ഗാനവിപണിയില്‍ പുതിയ റെക്കാര്‍ഡിടുന്നു. ഇവരൊന്നിച്ച നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ് മോഹവിലയ്ക്കാണ് വിറ്റുപോയത്.
അലി ജോണ്‍ സംവിധാനം ചെയ്യുന്ന ;നമുക്ക് പാര്‍ക്കാനി;ലെ മൂന്ന് ഗാനങ്ങളുടെ അവകാശം 13 ലക്ഷം രൂപയ്ക്ക് സത്യം ഓഡിയോസ് സ്വന്തമാക്കിയെന്നാണ്് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് ചിത്രമായ ഉറുമിയുടെ ഓഡിയോ റൈറ്റ് 10 ലക്ഷം രൂപയ്ക്ക് വിറ്റുപോയതാണ് ഇതിന് മുമ്പത്തെ റെക്കാര്‍ഡ്. ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയത്തിന്റെ ഓഡിയോ റൈറ്റ് അഞ്ചേമുക്കാല്‍ ലക്ഷം രൂപയ്ക്കും വിറ്റുപോയതാണ് സമീപകാലത്തെ ഏറ്റവും വലിയ ഡീല്‍.
ഈ വമ്പന്‍ കച്ചവടങ്ങള്‍ മലയാള സിനിമാഗാന വിപണിയ്ക്ക് പുതിയ പ്രതീക്ഷകള്‍ സമ്മാനിയ്ക്കുന്നുണ്ട്. വെറും 50000 രൂപയ്ക്ക് താഴെയായാണ് സമീപകാലത്തായി മലയാള സിനിമയുടെ ഓഡിയോ റൈറ്റുകള്‍ വിറ്റുപോകുന്നതെന്ന് അധികമാരുമറിയാത്ത സത്യമാണ്.
ഇതോടെ അഭിനയത്തിനും കഥയെഴുത്തിനും പിന്നാലെ ഗാനരചനയിലും അനൂപ് മേനോന്‍ തന്റെ കാലിബര്‍ തെളിയിക്കുകയാണ്. അനൂപിന്റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം നല്‍കിയ ബ്യൂട്ടിഫുള്ളിലെ ഗാനങ്ങള്‍ ഹിറ്റായതാണ് നമുക്ക് പാര്‍ക്കാനിലെ ഓഡിയോ റൈറ്റ് വില്‍പനയിലും പ്രതിഫലിച്ചിരിയ്ക്കുന്നത്.
ബ്യൂട്ടിഫുള്ളിലെ മിഴിനീര്‍ തുള്ളികള്‍...., മൂവന്തിയായി അകലെ... എന്നീ ഗാനങ്ങള്‍ കഴിഞ്ഞവര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയിരുന്നു. എന്നാലന്ന് വെറും രണ്ട് ലക്ഷം രൂപയ്ക്കാണ് ബ്യൂട്ടിഫുള്ളിന്റെ ഓഡിയോ റൈറ്റ് വിറ്റുപോയത്. ഈ കൂട്ടുകെട്ടിന്റെ വിജയസാധ്യത മനസ്സിലാക്കിയ നിര്‍മാതാവ് ജോയി ശക്തി കുളങ്ങര ഗാനവില്‍പന ഏറ്റെടുക്കാനും ഒരുഘട്ടത്തില്‍ ആലോചിച്ചിരുന്നുവത്രേ.
ഈ വമ്പന്‍ ഡീല്‍ സംഗീത സംവിധായകന്‍ രാജേഷിനെയും ത്രില്ലടിപ്പിച്ചിട്ടുണ്ട്. സിനിമയിലെ മെലഡി ഗാനങ്ങള്‍ കേട്ടശേഷമാണ് ഓഡിയോ കമ്പനിയുടെ പ്രതിനിധികള്‍ വന്‍തുകയ്ക്ക് അവകാശം സ്വന്തമാക്കിയതെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിലെ കണ്ണാടി കാലങ്ങള്‍, കണ്‍മണി നിന്നെ ഞാന്‍ എന്നീ ഗാനങ്ങള്‍ വിപണി പിടിച്ചടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.