രതിനിര്‍വ്വേദത്തിലൂടെ മലയാളിക്ക് സിനിമയുടെ പുനരാഖ്യാനത്തിന്റെ വേറിട്ട ചലച്ചിത്രഭാഷ കാട്ടിത്തന്ന രേവതി കലാമന്ദിര്‍ വീണ്ടുമെത്തുന്നു. അതും ഒരു രതിചിത്രത്തിന്റെ റീമേക്കുമായി. രതിനിര്‍വ്വേദം പോലെ ഏഴുപതുകളിലെ മലയാളി ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ ചട്ടക്കാരിയുടെ റീമേക്കുമായാണ് രേവതി കലാമന്ദിര്‍ എത്തുന്നത്. മലയാള സിനിമയില്‍ ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് വെറും 25 ദിവസം കൊണ്ട് ചട്ടക്കാരി റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു.
തിരുവനന്തപുരം, കൂനൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചട്ടക്കാരി സംവിധാനം ചെയ്‌തിരിക്കുന്നത് പ്രശസ്‌ത സംവിധായകനായിരുന്ന കെ എസ് സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ്. പഴയ ചട്ടക്കാരിയില്‍ ലക്ഷ്‌മിയും മോഹനനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കില്‍ പുതിയ പതിപ്പില്‍ തെന്നിന്ത്യന്‍ ഗ്‌ളാമര്‍ താരം ഷംന കാസിമും ഹേമന്ദുമാണ് നായികാ-നായകന്‍മാര്‍. ഇവര്‍ക്ക് പുറമെ ഇന്നസെന്റ്, സുവര്‍ണ, രേണുക എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
പമ്മന്റെ നോവലിനെ ആസ്‌പദമാക്കി തോപ്പില്‍ ഭാസി രചിച്ച തിരക്കഥയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്‌ത ചട്ടക്കാരി 1974ലാണ് പുറത്തിറങ്ങിയത്. ഇംഗ്‌ളണ്ടിലേക്ക് തിരികെപ്പോന്നത് സ്വപ്‌നം കണ്ടുകഴിയുന്ന മോറിസ് എന്ന എന്‍ജിന്‍ ഡ്രൈവറായ ആംഗ്‌ളോ-ഇന്ത്യന്‍ കുടുംബത്തിന്റെ കഥയാണ് ചട്ടക്കാരി പറയുന്നത്. സുന്ദരിയായ ജൂലി മോറിസിന്റെ മകളാണ്. ഇവരുടെ കുടുംബ സുഹൃത്തായ റിച്ചാര്‍ഡിന് ജൂലിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ സ്‌റ്റേഷന്‍ മാസ്‌റ്ററുടെ മകന്‍ ശശിയുമായി ജൂലി പ്രണയത്തിലാകുന്നതോടെ കലുഷിതമായ അന്തരീക്ഷത്തിലൂടെയാണ് ചട്ടക്കാരിയുടെ കഥ വികസിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്‌ത മതവിഭാഗത്തിലുള്ളവര്‍ പ്രണയിക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ കഥാഗതിയെ നയിക്കുന്നത്. ചട്ടക്കാരി റീമേക്ക് ജൂണില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.