Friday, 4 May 2012

ഗ്രാന്റ്മാസ്റ്റര്‍; Review


എതിരാളിയുടെ അടുത്ത ഏതാനും നീക്കങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന അജയ്യനായ കളിക്കാരനെ ആണ് ചെസ്സില്‍ ഗ്രാന്റ്മാസ്റ്റര്‍ എന്ന് വിളിക്കുന്നത്. ചെസ്സുകളി ഒരുപാട് ഇഷ്ടപ്പെടുന്ന കുശാഗ്രബുദ്ധിയായ ഒരു പോലീസ് ഓഫിസറെ നായകനാക്കി ഇറങ്ങുന്ന ഒരു സിനിമയ്ക്ക് ഗ്രാന്റ്മാസ്റ്റര്‍ എന്ന പേരിടുമ്പോള്‍ ആ പേരിന്റെ പാരമ്പര്യവും ഗാംഭീര്യവും നീളുന്നത് സ്വാഭാവികമായും ആ നായകന്റെ മേന്മകളിലേക്കാണ്. എന്നാല്‍ ഈ സിനിമ കണ്ടിറങ്ങുന്ന മലയാളിപ്രേക്ഷകന് ബി. ഉണ്ണികൃഷ്ണനോട് പറയാനുള്ളത് ഇതാണ് ‘ഒരുപാട് ഒന്നും നീക്കങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ഗ്രാന്റ്മാസ്റ്ററുടെ പൊള്ളത്തരവും വൈകൃതങ്ങളും ഒന്നും തിരിച്ചറിയാന്‍ ഉള്ള യുക്തിയൊന്നും മലയാളപ്രേക്ഷകന് കൈമോശം വന്നിട്ടില്ല’.

പ്രമാണി, ദി ത്രില്ലര്‍ എന്നീ ചിത്രങ്ങളുടെ പരാജയങ്ങളെ തുടര്‍ന്ന് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആണ് ‘ഗ്രാന്റ്മാസ്റ്റര്‍’. പ്രേക്ഷകന്‍ മാറിയത് അറിയാതെ ഇപ്പോളും സ്‌നേഹവീടും കസനോവകളുമായി തിരസ്‌കരണത്തിന്റെ പടുകുഴിയില്‍ വീണുകിടക്കുന്ന മോഹന്‍ലാലിനും നിര്‍ണായകം ആയിരുന്നു ഗ്രാന്റ്മാസ്റ്റര്‍. എന്നാല്‍ ശരാശരിയിലും വളരെ താഴെ നില്ക്കുന്ന ഒരു സിനിമ കൂടി സമ്മാനിക്കാന്‍ മാത്രമേ ഈ കൂട്ടുകെട്ടിന് കഴിഞ്ഞുള്ളു. യുക്തിരാഹിത്യത്തിന്റെ അടിത്തറയില്‍ കെട്ടിപ്പോക്കിയ ഒരു ചീട്ടുകൊട്ടാരം ആണ് ഈ സിനിമയുടെ തിരക്കഥ. പ്രേക്ഷകന്‍ മാറിയത് തിരിച്ചറിയാത്ത സംവിധാനശൈലി കൂടി ആയപ്പോള്‍ ഒരു സിനിമയുടെ പതനം പൂര്‍ത്തിയായി. ഷൂട്ട്ഔട്ട് കാണിക്കുന്ന ഒരു രംഗം ഉണ്ട് ഈ സിനിമയില്‍. ബി.ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ എല്ലാ പോരായ്മകളും വെളിവാകുന്നുണ്ട് ഈ രംഗത്തില്‍. ഇനിയും ഈ സൂപ്പര്‍താരപ്രേമം കൈവിടാന്‍ ബി. ഉണ്ണികൃഷ്ണന്‍ തയ്യാറാകുന്നില്ല എങ്കില്‍ മലയാളസിനിമയില്‍ അദ്ദേഹത്തിന്റെ സ്ഥാനം എവിടെ ആകും എന്ന് വ്യക്തമാണ്. ചായഗ്രഹണത്തിലോ പശ്ചാത്തല സംഗീതത്തിലോ ഒന്നും എടുത്തുപറയത്തക്ക മേന്മ ഒന്നുമില്ല. ഘടനാപരമായ പരാജയം എന്നതിനപ്പുറം ഈ സിനിമ മുന്‍പോട്ടു വെയ്ക്കുന്ന ചില രാഷ്ട്രീയങ്ങള്‍ ഉണ്ട്.

ഇവിടെ ഗ്രാന്റ്മാസ്റ്റര്‍ ആയ ചന്ദ്രശേഖറും മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരവും രണ്ടും രണ്ടല്ല. കഥാഗതിയുടെ തുടക്കത്തില്‍ തന്നെ നമ്മെ കൊണ്ടുപോകുന്നത് ചന്ദ്രശേഖരിന്റെ അലക്ഷ്യമായ ജീവിതചര്യകളിലൂടെ ആണ്. അതെ സമയം തന്നെ സഹകഥാപാത്രങ്ങളിലൂടെ അദ്ദേഹം വളരെ സമര്‍ത്ഥനായ ഒരു ഉദ്യോഗസ്ഥന്‍ ആണെന്നും അദ്ദേഹത്തിനു താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ അലസനായി തീര്‍ന്നതെന്നും സംവിധായകന്‍ സ്ഥാപിക്കുന്നുണ്ട്. അതിന്റെ കാരണങ്ങള്‍ വ്യക്തിപരമാണ് എന്നുള്ള സൂചന തരുന്നുമുണ്ട്. അതെന്തുതന്നെ ആയാലും തനിക്ക് സൗകര്യമുള്ളപ്പോള്‍ മാത്രമേ തന്റെ ജോലിയോട് താന്‍ നീതി പുലര്‍ത്തുകയുള്ളൂ എന്നാണ് ആ കഥാപാത്രം വ്യംഗ്യമായി നമ്മോട് പറയുന്നത്. പക്ഷെ എന്നിട്ടും അയാളുടെ ഗതകാലപ്രതാപത്തിന്റെ പേരില്‍ അയാള്‍ക്ക് ചുറ്റുമുള്ള ലോകം അയാളെ ആരാധിക്കുകയും അയാളുടെ വര്‍ത്തമാനജീവിതത്തിന്റെ ബാധ്യതകള്‍ പേറുകയും ചെയ്യുന്നു. ഇത് മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരം ഇപ്പോള്‍ നേരിടുന്ന തിരസ്‌കരണവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. മോഹന്‍ലാല്‍ ഒരു മികച്ച നടന്‍ ആണെന്നും അയാള്‍ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത് എന്ത് തന്നെ ആണെങ്കിലും അത് സഹിക്കാന്‍ പ്രേക്ഷകന്‍ ബാധ്യസ്ഥന്‍ ആണെന്നും ഈ സിനിമ നമ്മോട് പറയുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ചന്ദ്രശേഖര്‍ എന്ന കഥാപാത്രവും മോഹന്‍ലാല്‍ എന്ന നടനും പരസ്പരപൂരകങ്ങള്‍ ആണ് എന്നതിന് സംവിധായകന്‍ തന്നെ അനേകം രംഗങ്ങള്‍ സിനിമയില്‍ നമുക്ക് മുന്‍പില്‍ എത്തിക്കുന്നുണ്ട്.


ലോകപ്രശസ്‌നായ നാടകനടന്റെ കീഴില്‍ നാടകം അഭ്യസിക്കുന്ന തന്റെ മകളോട് ‘അയാള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ തന്നെ വിളിച്ചു ചോദിക്കാന്‍ പറയണം’ എന്ന് പറയുന്നത് യാദൃശ്ചികം അല്ല. അതും രണ്ടു തവണ ആവര്‍ത്തിക്കുന്നു എന്ന് കാണുമ്പോള്‍ ആണ് ഈ സിനിമ എത്രമാത്രം സൂപ്പര്‍താര ബാധ്യതകള്‍ പേറുന്നു എന്ന് നമുക്ക് മനസിലാകുന്നത്. ഇത് പ്രേക്ഷകനെ മടുപ്പിക്കുന്നു. മികച്ച നടന്‍ ആണ് അദ്ദേഹം എന്ന് സഹകഥാപാത്രങ്ങളെ കൊണ്ട് ഇടയ്ക്കിടെ പറയിക്കുന്നത് ആരെ ബോധ്യപ്പെടുത്താന്‍ ആയിരിക്കും? അതോ സ്വയം അങ്ങിനെ അദ്ദേഹത്തിനു ഒരു സംശയം ഉണ്ടോ? ചന്ദ്രശേഖറിന്റെ കഴിവുകള്‍ നമ്മെ കാട്ടിത്തരാന്‍ അദ്ദേഹത്തിനായി ഒരു കേസ് (ഈ സിനിമയുടെ കഥാഗതിയില്‍ യാതൊരു സ്വാധീനവും ഇല്ലാത്ത ഒന്ന്) നമുക്ക് മുന്‍പില്‍ സംവിധായകന്‍ ഫ്രെയിം ചെയ്യുന്നുണ്ട്. കേവലം മിനുട്ടുകള്‍ക്കുള്ളില്‍ അദ്ദേഹം അത് തെളിയിച്ചു ഫാന്‍സുകാരുടെ (പ്രേക്ഷകന്റെ അല്ല) കൈയ്യടി നേടുന്നുമുണ്ട്. പക്ഷെ അത്രയും നാള്‍ അലസനായി കഴിയുന്ന ചന്ദ്രശേഖറിനെ അത്തരം ഒരു മാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് സംവിധായകന്‍ പറയുന്നില്ല. അതോ ചന്ദ്രശേഖറിന്റെ ഹീറോയിസം കാണാന്‍ പ്രേക്ഷകന്‍ വീര്‍പ്പുമുട്ടി കാത്തിരിക്കുന്നു എന്ന് സംവിധായകന് ഒരു ഉള്‍വിളി ഉണ്ടായോ?മറ്റൊരു രസകരമായ വസ്തുത ചന്ദ്രശേഖറിന്റെ ശരീരപ്രകൃതം ആണ്. മോഹന്‍ലാലിന്റെ മീശയിലും കൃതാവിലും അങ്ങിങ്ങ് കുറച്ചു നരകള്‍ ഫിറ്റ് ചെയ്തു കഥാപാത്രത്തെ മറ്റു പലയിടങ്ങളിലും കണ്ടിട്ടുള്ള അവിസ്മരണീയമായ പോലീസ് കഥാപാത്രങ്ങളുടെ ഒരു പ്രതിച്ഛായ നല്‍കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ മീശ നരച്ചാല്‍ അത് മലയാളസിനിമയില്‍ എന്തോ പുതുമ ആണെന്ന് ഒരു വ്യംഗ്യം പകരുന്നുണ്ട് സിനിമയില്‍. എന്നാല്‍ മീശ നരപ്പിക്കേണ്ടിവന്നത് അത് ചെയ്യാതെ ഇനി നിലനില്പ്പില്ല എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവ് ആണ്, അല്ലാതെ പ്രേക്ഷകന്റെ ജീവിതസാഫല്യം ഒന്നുമല്ല എന്ന് മനസിലാക്കാന്‍ ഉള്ള ബുദ്ധിയൊക്കെ മലയാളിപ്രേക്ഷകന് ഇന്നുണ്ട്.

 മറ്റൊരു പ്രധാനവസ്തുത ഇതിലെ സ്ത്രീകഥാപാത്രങ്ങളുടെ നിര്‍മിതി ആണ്. ഈ സിനിമക്ക് പശ്ചാത്തലം ആകുന്നതു തന്നെ സ്ത്രീകള്‍ ചെയ്യുന്ന ചില ദുഷ്പ്രവൃത്തികളുടെ അനന്തരഫലം ആണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവരൊക്കെ ദുഷിപ്പുകള്‍ പേറുന്നവരാണ്. ചന്ദ്രശേഖര്‍ അടക്കമുള്ള പുരുഷകഥാപാത്രങ്ങളുടെ ജീവിതത്തില്‍ ദുര്‍വിധി വരുത്തിയത് ഇവരുടെ ഇടപെടല്‍ ആണ്. കഥാഗതിയില്‍ ഇവരൊക്കെ തന്നെ തങ്ങള്‍ ചെയ്ത ‘അക്ഷന്തവ്യമായ തെറ്റുകള്‍ക്ക്’ തക്കതായ ശിക്ഷ ഏറ്റുവാങ്ങുന്നുമുണ്ട്. അങ്ങിനെ ഏറ്റുവാങ്ങതെ രക്ഷപെടാന്‍ കഴിയുന്നത് ചന്ദ്രശേഖറിന് പ്രിയപ്പെട്ട ഒരു സ്ത്രീക്ക് മാത്രം ആണ്. അവള്‍ രക്ഷപെടുന്നത് അവളുടെ മിടുക്കോ ഭാഗ്യമോ ഒന്നുമല്ല, മറിച്ചു നായകന് അവളോടുള്ള സ്‌നേഹം കൊണ്ടും അതെ സമയം തന്നെ അവള്‍ തന്റെ തെറ്റുകള്‍ക്ക് നായകനോട് ഏറ്റുപറഞ്ഞു മാപ്പു ചോദിക്കാന്‍ തയാറാകുന്നത് കൊണ്ടുമാണ്. സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രത്തിനാണ് ഈ ഗതികേട് എന്നോര്‍ക്കണം. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ദേശീയഅവാര്‍ഡ് ജേത്രി ആയ ഒരു നടി ആണെന്നുള്ളത് നിരാശാജനകം ആണ്.


ആനിന്റെ നിഴലിനപ്പുറം നില്ക്കുന്ന ഒരു കഥാപാത്രം ആകാന്‍ ഇത്രയും അസ്ഥിത്വം ഉള്ള ഒരു നടിക്ക് പോലും കഴിയുന്നില്ല/അല്ലെങ്കില്‍ അവര്‍ക്ക് അങ്ങിനെ ആകണ്ട എന്നത് ഇവിടുത്തെ സ്ത്രീപക്ഷവാദികള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ആണ്. ഇതില്‍ ഒരു പുരുഷപോലീസുകഥാപാത്രം പറയുന്ന ഒരു വാചകം ഉണ്ട് ‘ചില പെണ്ണുങ്ങള്‍ക്ക് കല്യാണം ഒക്കെ ഒരു വശത്ത് കിടക്കും, അതിന്റിടയ്ക്ക് അവളുമാര് കാശുള്ള ആരുടെ എങ്കിലും കൂടെ അങ്ങ് കൊരുക്കും’. കൊല്ലപ്പെട്ട ഒരു പ്രൊഫഷണല്‍ പോപ്ഗായികയെ കുറിച്ചുള്ളതാണ് ഈ പരാമര്‍ശം. സ്വന്തമായി ഒരു കരിയര്‍ ഉള്ള, ലോകത്ത് വ്യക്തിത്വം ഉള്ള സ്ത്രീകള്‍ക്കൊക്കെ തന്നെ അവളുടെ ലൈംഗികത പുരുഷന് കാഴ്ച്ചവെച്ചാല്‍ മാത്രമേ ജീവിതസാഫല്യം കൈവരുകയുള്ളൂ എന്നാണ് ഇത് സൂചിപിക്കുന്നത്. പുരുഷനില്‍ നിന്ന് മാറി ഒരു സ്ത്രീക്കും തന്റെ ജീവിതം വികസിക്കാന്‍ കഴിയില്ല എന്ന അത്യധികം ജുഗുപ്‌സാവഹമായ ആശയം ആണ് ഇത് കൈമാറുന്നത്. ഈ സിനിമ ആദ്യം മുതല്‍ അവസാനം വരെ ചന്ദ്രശേഖറിന് മുന്‍പില്‍ തോല്‍ക്കാനായി വരുന്ന ഒരു സഹപ്രവര്‍ത്തക ഉണ്ട്. കൃത്യമായ ഇടവേളകളില്‍ അവള്‍ ചന്ദ്രശേഖറിന് മുന്‍പില്‍ തന്റെ അഹങ്കാരം കാണിക്കുകയും ചന്ദ്രശേഖര്‍ അവളുടെ അഹങ്കാരം തക്കതായ മറുപടികളിലൂടെ ഒടുക്കുകയും ചെയ്യുന്നു. മറ്റു ഹീറോയിസത്തിനു ഒന്നും സാധ്യത ഇല്ലാതാകുമ്പോള്‍ ചന്ദ്രശേഖറിന് കൈയ്യടി നേടാന്‍ മാത്രമായുള്ള ഈ കഥാപാത്രനിര്‍മിതി കൂടി ആകുമ്പോള്‍ ഈ സിനിമയുടെ സ്ത്രീവിരുദ്ധത അതിന്റെ പരകോടിയില്‍ എത്തുന്നു.

ഈ സിനിമയുടെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സൃഷ്ടിക്കാന്‍ ആണ് ബി. ഉണ്ണികൃഷ്ണന്‍ ശ്രമിക്കുന്നത്. തുടക്കം മുതല്‍ അതിന്റെ എല്ലാ പാളിച്ചകളും സിനിമയില്‍ നമുക്ക് കാണാം. ചില സിനിമകള്‍ കാണുമ്പോള്‍ നമുക്ക് തോന്നും, പ്രേക്ഷകന്‍ ഞെട്ടാന്‍ മാത്രം ആയിട്ടാണോ സിനിമ കാണാന്‍ വരുന്നത് എന്നാണോ ഈ ഫിലിം മേക്കേര്‍സിന്റെ ഒക്കെ വിചാരം എന്ന്. ഈ സിനിമയില്‍ നിഗൂഡതകള്‍ സൃഷ്ടിച്ചു പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ആണ് സംവിധായകന്‍ ശ്രമിക്കുന്നത്. പക്ഷെ ഒന്നും നടക്കുന്നില്ല. സങ്കീര്‍ണതകളില്‍ നിന്നും സങ്കീര്‍ണതകളിലേക്ക് ഈ സിനിമ പോകാന്‍ ശ്രമിക്കുകയും ഒടുക്കം അതിനൊന്നും തന്നെ പ്രേക്ഷകന്റെ യുക്തിക്ക് നിരക്കുന്ന സാധൂകരണം നല്‍കാന്‍ കഴിയാതെ സിനിമ അമ്പേ പരാജയപ്പെടുക ആണ്. ഇത്രയും നേരം ഈ സിനിമ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ വെറുതെ അല്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടി സിനിമയുടെ അവസാനം നായകനും വില്ലനും ചേര്‍ന്ന് പ്രേക്ഷകന് വേണ്ടി വിശദീകരണങ്ങള്‍ നല്‍കുന്നുമുണ്ട്. ഞങ്ങള്‍ ഇത്രയും കാണിച്ചതല്ലേ, നിങ്ങള്‍ ഈ വിശദീകരണങ്ങള്‍ കൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്യൂ എന്ന് പ്രേക്ഷകനോട് കെഞ്ചുന്നതു പോലെ തോന്നും. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ബി. ഉണ്ണികൃഷ്ണന്‍ സഹതാപം അര്‍ഹിക്കുന്ന രംഗം ആണത്.

മലയാളസിനിമ മാറുകയാണ്. ആ മാറ്റം തിരിച്ചറിയാത്ത, പ്രേക്ഷകനുമായി സംവദിക്കാത്ത ചിത്രങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയാണ്. സിനിമയുടെ ഏതു വീക്ഷണകോണില്‍ നിന്ന് സമീപിച്ചാലും ഗ്രാന്റ്മാസ്റ്ററുടെ വിധിയും വിഭിന്നമാകാന്‍ വഴിയില്ല.

 Via: http://keralaonlinenews.com/grand-master-malayalam-film-review/



0 comments:

Post a Comment