Wednesday, 25 January 2012

നടന്‍ ആസിഫലിക്കെതിരെ താരസംഘടന

asif-ali-epathram      സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന്റെ താരനിരയില്‍ ഉണ്ടായിരുന്ന നടന്‍ ആസിഫലി കളിയില്‍ പങ്കെടുക്കാതെ നിരുത്തരവാദപരമായി പെരുമാറിയതിന്ന് താര സംഘടന നടപടിക്കൊരുങ്ങുന്നു.  മോഹന്‍‌ലാല്‍ ക്യാപ്റ്റനായ കേരള സ്ട്രൈക്കേഴ്സിന്റെ തീം സോങ്ങിലും മറ്റും ഐക്കണ്‍ താരമായി ആസിഫലിയും ഉണ്ട്. എന്നാല്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടും ടീമിന്റെ പരിശീലന ക്യാമ്പില്‍ ഈ യുവ താരം പങ്കെടുത്തിരുന്നില്ല. ടീമിന്റെ പരിശീലനത്തിലോ കളികളിലോ പങ്കെടുക്കുവാന്‍ ആകില്ലെന്ന് ആസിഫലി ബന്ധപ്പെട്ടവരോട് പറയുക പോലും ചെയ്യാതെ മുങ്ങുകയായിരുന്നു. നടന്‍ മോഹന്‍‌ലാലും സംവിധായകന്‍ പ്രിയദര്‍ശനുമടക്കമുള്ള പ്രമുഖര്‍ ആസിഫിനെ ടെലിഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ഫോണെടുക്കുവാന്‍ ആസിഫലി തയ്യാറായില്ല എന്നാണ് അറിയുന്നത്. ആസിഫിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ  നടപടി സ്വീകരിക്കുമെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറിയും കേരള സ്ട്രൈക്കേഴ്സ് മാനേജരുമായ ഇടവേള ബാബു ഇതിനോടകം സൂചന നല്‍കിക്കഴിഞ്ഞു.
കളിയില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ പോലും മമ്മൂട്ടിയടക്കമുള്ള സീനിയര്‍ താരങ്ങളും യുവതാരങ്ങള്‍ക്കൊപ്പം  ടീമിനു പിന്തുണയുമായി സ്റ്റേടിയത്തില്‍ എത്തിയിരുന്നു. ടീമില്‍ അംഗമായിരുന്നെങ്കിലും അസൌകര്യം മൂലം ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആകില്ലെന്ന് യുവതാരം പൃഥ്‌വീരാജ് ടീം മേനേജ്മെന്റിനേയും അമ്മയേയും നേരത്തെ അറിയിച്ചിരുന്നു. കൊച്ചി കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റെഡിയത്തില്‍ നടന്ന മത്സരത്തില്‍ ടീമിനു പിന്തുണയുമായി പൃഥ്‌വിയും എത്തിയിരുന്നു. ലക്ഷ്‌മി റായ്,ഭാവന, അസിന്‍, പ്രിയാമണി തുടങ്ങി നടിമാരും ടീമിനു പിന്തുണയുമായി സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ആസ്ഫിന്റെ നിലപാടില്‍ താരസംഘടനയും ഒപ്പം കേരള സ്റ്റ്ട്രൈക്കേഴ്സിന്റെ ഭാരവാഹികളും അസംതൃപ്തരാണ്.

0 comments:

Post a Comment