
മലയാളസിനിമയില്‍ കാലങ്ങളായി പറഞ്ഞുവന്ന ഒരു കഥ സ്പെയിനിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞെന്നതാണ് 'സ്പാനിഷ് മസാല'യുടെ പ്രത്യേകത. ലാല്‍ ജോസിനെപോലെ സാമാന്യം വൃത്തിയായി പടംപിടിക്കാനറിയാവുന്ന ആളുടെ കൈയിലൂടെ കടന്നുപോയതിനാലാവണം ബെന്നി പി. നായരമ്പലത്തിന്റെ കഴമ്പില്ലാത്ത രചന പൂര്‍ണമായി പ്രേക്ഷകരെ വെറുപ്പിക്കില്ല.
ചാര്‍ലി(ദിലീപ്) എന്ന മിമിക്രി താരം സ്പെയിനിലെ മാഡ്രിഡില്‍ മിമിക്രി പ്രോഗ്രാമിനു വന്ന ശേഷം മുങ്ങി അവിടെയൊരു ജോലിക്ക് ശ്രമിക്കുകയാണ്. ജോലി തേടിയെത്തേണ്ട വിലാസം നഷ്ടപ്പെടുന്ന അയാള്‍ മലയാളിയായ മജീദിന്റെ റെസ്റ്റോറന്റില്‍ പാചകക്കാരനാവുന്നു. അവിടെ അയാള്‍ പരീക്ഷിക്കുന്ന സ്പാനിഷ് മസാലയെന്ന പുതിയതരം ദോശ ഹിറ്റാവുന്നു. ഇത് മുന്‍ ഇന്ത്യന്‍ അമ്പാസിഡറുടെ മകള്‍ കമീലക്ക് (ഡാനിയേല) ഇഷ്ടപ്പെടുകയും അതുവഴി അവരുടെ കൊട്ടാരതുല്യ ബംഗ്ലാവില്‍ പാചകക്കാരനായി ചാര്‍ലി നിയമിതനാവുകയും ചെയ്യുന്നു.
ഒരുഘട്ടത്തില്‍ ചാര്‍ലി കാമിലക്ക് പ്രിയങ്കരനാവുന്നു. അവളുടെ മരിച്ചുപോയ കാമുകന്‍ രാഹുലിന്റെ (കുഞ്ചാക്കോ ബോബന്‍) ശബ്ദം അനുകരിച്ച് ആ ഓര്‍മകള്‍ക്ക് ചാര്‍ലി പുതുജീവന്‍ നല്‍കുന്നു. നഷ്ടസന്തോഷങ്ങള്‍ കമീലക്ക് മടക്കിനല്‍കിയ ചാര്‍ലിയെ തന്നെ അവളുടെ ജീവിതപങ്കാളിയാക്കാന്‍ അവളുടെ പിതാവും മാനേജരും മലയാളിയുമായ മേനോനും (ബിജു മേനോന്‍) തീരുമാനിക്കുന്നു. ഇതിനിടെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ തുടര്‍ച്ചയായി മരിച്ചെന്ന് കരുതിയ രാഹുല്‍ മടങ്ങി വരുന്നു.
രാഹുല്‍ -കമീല പ്രണയികള്‍ വീണ്ടും കണ്ടുമുട്ടിയ ശേഷം ചാര്‍ലിയുടെ
ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പിന്നീട് കഥ നയിക്കുന്നത്.
യുക്തിക്ക് കല്ലുകടിക്കുന്നതാണെങ്കിലും ആദ്യപകുതി നിര്‍ദോഷ ഹാസ്യവും ക്ലീഷേ രംഗങ്ങളും കൊണ്ടങ്ങ് കണ്ടിരിക്കാം. രണ്ടാം പകുതിയില്‍ രാഹുല്‍ എന്ന കഥാപാത്രം നായികയുടെ ജീവിതത്തില്‍ വീണ്ടും കടന്നുവരുന്നതോടെയാണ് പ്രശ്നങ്ങള്‍ സജീവമാകുന്നത്. ഇയാളെ ഒഴിവാക്കി എങ്ങനെ നായകനെയും നായികയും വീണ്ടും അടുപ്പിക്കാം എന്നാലോചിച്ച് ഒരു പിടിയും കിട്ടാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് തിരക്കഥയില്‍ പിന്നീടങ്ങോട്ട്. സ്വാഭാവികമായും ഇതിനായി രാഹുലിനെ മോശക്കാരനും ക്രൂരനും ദുസ്വഭാവിയും ഒക്കെ ആക്കാനുള്ള നെട്ടോട്ടമാണ്. (എന്നാലല്ലേ അയാളെ വിട്ട് നായികക്ക് നായികനിലേക്ക് വീണ്ടും എത്താനാവൂ.)
കഥയില്‍ എന്തെങ്കിലും കാണാതെ ഇത്തരമൊരു കഴമ്പില്ലാത്ത തിരക്കഥക്ക് ലാല്‍ ജോസിനെപോലൊരു സംവിധായകന്‍ തലവെച്ചുകൊടുക്കുന്നതിലെ യുക്തിയും മനസിലാകുന്നില്ല. ജനപ്രിയനായകനും സ്പെയിനിലെ ലൊക്കേഷനുകളും വിദേശ നായികം ഉള്ളതുകൊണ്ട് ആളുകയറുമെന്ന വിശ്വാസം എപ്പോഴും രക്ഷിച്ചുകൊള്ളണമെന്നില്ല.

ദിലീപ് തന്റെ വേഷം വേണ്ടരീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കേട്ടുതഴമ്പിച്ച കോമഡികള്‍ പോലും മോശമാക്കാതെ അദ്ദേഹത്തിന് അവതരിപ്പിക്കാനായി. നായികയായ സ്പാനിഷ് സുന്ദരി ഡാനിയേലയും മോശമാക്കിയില്ല. പപ്പന്‍ എന്ന കോമഡി കഥാപാത്രത്തെ അവതരിപ്പിച്ച നെല്‍സനാണ് ചിത്രത്തിന്റെ എടുത്തു പറയാവുന്ന സംഭാവന. തന്റേതായ ശൈലിയില്‍ നെല്‍സണ്‍ നര്‍മഭാഷണങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും തന്റെ വേഷം മോശമാക്കിയില്ല. ബിജു മേനോന്‍, വിനയപ്രസാദ്, കലാരഞ്ജിനി തുടങ്ങിയവരും സാന്നിധ്യമറിയിച്ചു.
വിദ്യാസാഗര്‍ ഒരുക്കിയ ഗാനങ്ങള്‍ ശരാശരിയാണെങ്കിലും കേള്‍ക്കനിമ്പമുണ്ട്. 'ആരെഴുതിയാവേ' ആണ് കൂട്ടത്തില്‍ മികച്ചത്.
ചുരുക്കത്തില്‍, പുതുമ വേണമെന്ന് നിര്‍ബന്ധമില്ലാത്തവര്‍ക്കും, അശ്ലീലവും ആഭാസത്തരവുമൊന്നുമില്ലാതെ വിദേശ പശ്ചാത്തലത്തില്‍ ഒരു സിനിമ കാണുന്നതില്‍ വിരോധമില്ലാത്തവര്‍ക്കും ധൈര്യമായി തെരഞ്ഞെടുക്കാവുന്ന ചിത്രമാണ് 'സ്പാനിഷ് മസാല'.