സംസ്ഥാനവും ദേശീയവും അടക്കം ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ , അനേകം വിവാദങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്‌ടിച്ച ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തെ പറ്റി ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ വാരം കേട്ടു സിനിമാലോചന ഞെട്ടി സ്തംഭിച്ചുനിന്നുപോയി. ഈ സിനിമയുടെ കഥാതന്തു ദശകങ്ങള്‍ക്ക് മുന്‍പേ മോഷണം പോയതാണ് എന്ന വാര്‍ത്ത കേട്ടതിന്റെ ആ ഞെട്ടലില്‍ ഇത് ടൈപ്പു ചെയ്യുമ്പോള്‍ സിനിമാലോചനയുടെ കൈ വിറക്കുകയാണ്.ആ വിറയലില്‍ ഏതെങ്കിലുമൊക്കെ വാക്കുകളോ അക്ഷരങ്ങളോ സ്ഥാനം മാറി കിടക്കുന്നത് കണ്ടു ആരും വികാര വിജ്രുംഭിതരായി പോകരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.മലയാള സിനിമാ രംഗത്തെ എല്ലാ കൊടി കെട്ടിയ പുലികളെയും മുടിചൂടാമന്നന്മാരായ സിങ്കങ്ങളെയും ഞെട്ടിച്ചു കൊണ്ട് പെട്ടന്നൊരു ദിവസം ആരാലുമറിയപ്പെടാതെ കിടന്നിരുന്ന ഒരു കുഞ്ഞു സിനിമ കൈ നിറയെ അവാര്‍ഡുകളുമായി മലയാളസിനിമയുടെ നടുത്തളത്തില്‍ കസേര വലിച്ചിട്ടു കാലിന്മേല്‍ കാലെടുത്തുവച്ചു ഇരുന്നപ്പോള്‍ ആഹ്ളാദിച്ചവരൊക്കെ ഇപ്പോള്‍ ഇത് കേട്ടു ഞെട്ടുന്നുണ്ടാവും എന്ന് സിനിമാലോചനയ്ക്കറിയാം. അവരുടെയൊക്കെ ഞെട്ടലിനേക്കാള്‍ മുകളിലാണ് സിനിമാലോചനയുടെ ഞെട്ടലിന്റെ വേവ് ലെങ്ങ്ത് എന്നും കൂടി പറയട്ടെ.!
കൃത്യമായി പറഞ്ഞാല്‍ അമ്പതു വര്‍ഷങ്ങള്‍ക്കു മുന്നാടിയാണ് ഞെട്ടിക്കുന്ന ഈ കിരാതവും ഹീനവുമായ മോഷണം നടന്നത്; അതായത് ആയിരത്തിതൊള്ളായിരത്തിഅറുപത്തിഒന്നില്‍ . ആ വര്‍ഷം പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ കളര്‍ ചിത്രമായ കണ്ടം ബെച്ച കോട്ട് എന്ന സിനിമയാണ് ഈ കടും കൈ ആദാമിന്റെ മകന്‍ അബു എന്ന 2011 ലെ മള്‍ട്ടി കളര്‍ സിനിമയോട് ചെയ്തത്.സ്ത്രീധനം കൊടുക്കാനില്ലാതെ കല്ല്യാണം മുടങ്ങുമെന്നായപ്പോള്‍ ചെരിപ്പുകുത്തിയായ മമ്മദിക്ക ഹജ്ജിനു പോവാന്‍ സ്വരൂപിച്ചുവെച്ച രണ്ടായിരം രൂപ നല്‍കുന്നതാണ്കണ്ടം ബെച്ച കോട്ടിന്റെ മൂലകഥ . സ്ത്രീധനമെന്ന ദുരാചാരത്തിനെതിരെയുള്ള ശക്തമായ പ്രതികരണമായ കണ്ടം ബെച്ച കോട്ടെന്ന സിനിമയില്‍ എവിടെയാണ് ആദാമിന്റെ മകന്‍ അബു മോഷ്ടിക്കപ്പെടുന്നത് എന്ന് സംശയിക്കുന്നവര്‍ക്ക് അതിന്റെ ലാ പായിന്റ്സ് ചിലത് എടുത്തു പറഞ്ഞു തരാം. ഹജ്ജിനുവേണ്ടി പോവാന്‍ വേണ്ടി സ്വരൂപിക്കുന്ന പണം മമ്മദിക്ക അന്‍പതുവര്‍ഷം ഒരു കണ്ടം ബെച്ച കോട്ടിലാണ് സൂക്ഷിക്കുന്നത്.ആദാമിന്റെ മകനില്‍ സലിം കുമാര്‍ അവതരിപ്പിച്ച അബു അത്തറു വിറ്റു കിട്ടിയ കാശെല്ലാം കൂടി ഹജ്ജിനു പോവാന്‍ വേണ്ടി കൂട്ടിവെക്കുന്നത് ഒരു പെട്ടിയിലാണ്. ഈ പെട്ടിയെ നേരെ കണ്ടം ബെച്ച കോട്ടില്‍ തല തിരിച്ചിട്ടു. എന്താ കഥ അല്ലെ? പട്ടാപ്പകല്‍ പച്ചയായ മോഷണം !
ഇനിയുമുണ്ട് പറയാന്‍ ; മോഷണ കുറ്റം തെളിയിക്കാന്‍ തക്ക മറ്റൊരു ലാ പായിന്ടു കൂടി.ആദാമിന്റെ മകന്‍ അബുവില്‍ അബുവിന്റെ സുഹൃത്തായി ഒരു ചെരുപ്പ്കുത്തിയുണ്ട്.അബുവിന്റെ കുടയും മറ്റുമൊക്കെ നന്നാക്കി കൊടുക്കുന്നയാള്‍ . ഹജ്ജിനുപോക്കൊക്കെ തന്നെ പോലെയുള്ള സാധുക്കള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് സ്വയം വിശ്വസിക്കുന്ന ഒരു കഥാപാത്രം. ആ ചെരുപ്പുകുത്തിയെ അടിച്ചുമാറ്റി കണ്ടം ബെച്ച കോട്ടില്‍ മുടുക്കനായ ; കഥയിലെ ട്വിസ്റ്റെര്‍ ആയ കഥാപാത്രമായി മാറ്റിയെടുത്തിരിക്കുന്നു. അതായത് അബു എന്ന കഥാപാത്രത്തിന്റെ അസ്ത്വിത്വത്ത്തിന്റെ രണ്ടു ഭാഗങ്ങള്‍ വേര്‍തിരിച്ചെടുത്തു ഇഴപിരിച്ച് മമ്മദിക്ക എന്ന ഒറ്റയൊരു കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുകയാണ് കണ്ടം ബെച്ച കോട്ടില്‍ .ഈ പകല്‍ക്കൊള്ള ആദാമിന്റെ സംവിധായകന്‍ സലിം അഹമ്മദ് കാണാത്തതാണോ അതോ കണ്ടിട്ടും പോട്ടെ പാവങ്ങള്‍ ജീവിച്ചു പൊക്കോട്ടെന്ന് കരുതി മിണ്ടാതിരിക്കുന്നതാണോ..?എന്തായാലും സിനിമാലോചന കടുത്ത പ്രതിഷേധം ഈ പകല്‍ക്കൊള്ളയെ അപലപിച്ചുകൊണ്ട് പ്രകടിപ്പിക്കുന്നു. ഈ പകല്‍ക്കൊള്ള ചെയ്തുകൊണ്ട് കണ്ടംബെച്ചകോട്ടിന്റെ കഥയൊരുക്കിയ ജെറോം ഫെര്‍ണാണ്ടസ് എന്ന ടി.എച്ച് മുഹമ്മദു യൂസഫിനോട് ദൈവം പൊറുക്കില്ല എന്നും സിനിമാലോചന മനസ്സറിഞ്ഞു ശപിക്കുന്നു.
. പ്രശസ്ത സിനിമാ ഗാന നിരൂപകനായ ശ്രീ ടീ.പീ ശാസ്തമംഗലം ആണ് ഈ കഥാമോഷണത്തിന്റെ കഥ വെളിച്ചത്തു കൊണ്ട് വന്നത് ; ഈ കുറ്റകൃത്യം നടത്തിയ കണ്ടം ബെച്ച കോട്ടിന്റെ അന്‍പതാം വാര്‍ഷികം സംഘടിപ്പിക്കപ്പെട്ട വേദിയില്‍ വെച്ച് . ജേസ്സി ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് നടത്തപ്പെട്ട ചടങ്ങില്‍ സംസാരിച്ച ശാസ്തമംഗലം അന്‍പതു വര്‍ഷം മുന്‍പ് ഇത്തരമൊരു പ്രമേയം നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്ന യാഥാര്‍ത്യത്തെ ശ്ളാഘിച്ചു .സംവിധായകന്‍ കെ.എസ.സേതുമാധവന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ടി.എ വാസുദേവന്‍ അടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തിരുന്നു എങ്കിലും അവരാരും പറയാതിരുന്ന അല്ലെങ്കില്‍ ശ്രദ്ധിക്കാതിരുന്ന ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞ ശ്രീ ശാസ്തമംഗലത്തിനു സിനിമാലോചന അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
ഏതായാലും 'മോഷണ'ത്തിന്റെ പാപക്കറ ഉണ്ടെങ്കിലും മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ല് എന്ന നിലയില്‍ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന കണ്ടം ബെച്ച കോട്ടിനെ തള്ളിപ്പറയാന്‍ ആവില്ലാത്തതിനാല്‍ ജെനെറലായി ചില കാര്യങ്ങള്‍ സിനിമാലോചന ആലോചിക്കുകയാണ്. 1961 ല്‍ പുറത്തിറങ്ങിയ കണ്ടം ബെച്ച കോട്ടില്‍ പ്രേംനവാസും അംബികയുമായിരുന്നു നായകനായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഡേണ്‍ തിയറ്റേഴ്സിന്റെ ബാനറില്‍ ടി.ആര്‍ . സുന്ദരമാണ് സിനിമ സംവിധാനം ചെയ്തത്. മലയാളത്തില്‍ ആദ്യമായി ഒരു തിയറ്ററില്‍ യൂഗോസ്ലാവിയന്‍ പ്രോജെക്ടരില്‍ പ്രദര്‍ശിപ്പിച്ച ചിത്രവുമാണ് കണ്ടം ബെച്ച കോട്ട് . പി .ഭാസ്കരന്‍ ഗാനരചന നടത്തിയ സിനിമയില്‍ പത്തോളം ഗാനങ്ങള്‍ ഉണ്ടായിരുന്നു. ഭൂരിഭാഗവും ഹാസ്യഗാനങ്ങള്‍ .അവയില്‍ 'കണ്ടം ബെച്ചൊരു കോട്ടാണ്...പണ്ടേ കിട്ടിയ കോട്ടാണ്...' എന്നു തുടങ്ങുന്ന ഗാനം അന്നും ഇന്നും ഹിറ്റായി നിലനില്‍ക്കുന്നു.'നഗ്ന'മായ ഒരു 'മോഷണ'ത്തിന്റെ കരിനിഴല്‍ വീശി നില്‍ക്കുന്നുണ്ടെങ്കിലും കണ്ടം ബെച്ച കോട്ടിന്റെ മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ അണിയറ പ്രവര്‍ത്തകര്‍ക്ക് സിനിമാലോചനയുടെ അഭിവാദ്യങ്ങള്‍ ! :-)
0 comments:
Post a Comment